ചാലക്കുടി താലൂക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്താൽ മരിച്ചു. ഓടശേരി സ്വദേശി സിനീഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഹെർണിയ ഓപ്പറേഷന് വേണ്ടിയായിരുന്നു അനസ്തേഷ്യ നൽകിയത്. ശസ്ത്രക്രിയക്ക് വേണ്ടി ഓപ്പറേഷൻ തീയേറ്ററിൽ കയറ്റുന്ന വേളയിലാണ് ആദ്യം ഹൃദയാഘാതം ഉണ്ടാകുന്നത്. തുടർന്ന് അടിയന്തര ചികിത്സ നൽകുകയും ചെയ്തു. എന്നാൽ അധികം വൈകാതെ സിനീഷിന്റെ ആരോഗ്യ നില വീണ്ടും വഷളാവുകയും വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ വെച്ച് വീണ്ടും വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അനസ്തേഷ്യയിലെയിലെ പിഴവാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
അനസ്തേഷ്യ നൽകിയതിന് തൊട്ടുപിന്നാലെ സിനീഷിന്റെ ശരീരം ആകസകലം തടിച്ച് പൊന്തിയിരുന്നു. തുടർന്നാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. നില വഷളായതിന് ശേഷം ആശുപത്രി അധികൃതർ കൈയൊഴിഞ്ഞുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം താലൂക്ക് ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ രോഗിയുടെ കൂടെയുണ്ടായ ആരെയും ആംബുലന്‍സില്‍ കയറ്റിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ കുടുംബം ചാലക്കുടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

