തൃശൂർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ‍്യ നൽകിയതിനു പിന്നാലെ ഹൃദയാഘാതം മൂലം യുവാവ് മരിച്ച സംഭവത്തിൽ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം. വിഷയത്തിൽ ഉന്നത തല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കളും നാട്ടുകാരും കൂട്ടത്തോടെ എത്തി പ്രതിഷേധിച്ചത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ഡിഎംഒ യെ ചുമതലപ്പെടുത്തി.
മരണപ്പെട്ട സിനീഷിന്റെ അമ്മ ഷീല ഉൾപ്പെടെയുള്ള ബന്ധുക്കൾ അലമുറയിട്ട് കരഞ്ഞാണ് മോർച്ചറിക്ക് മുന്നിൽ എത്തിയത്. ചികിത്സാപ്പിഴവാണ് മരണ കാരണമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. ഒടുവിൽ സബ് കളക്ടർ എത്തി ചർച്ച നടത്തി ആണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തിൽ ഇന്ന് തന്നെ അന്വേഷണം ആരംഭിക്കുമെന്നും , ആരോഗ്യവകുപ്പ് നടത്തുന്ന അന്വേഷണത്തിൻ്റെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാമെന്നുമുള്ള സബ് കളർ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
34 കാരൻ സനീഷ് ആണ് കഴിഞ്ഞദിവസം മരിച്ചത്. ഹെർണിയ ഓപ്പറേഷനു വേണ്ടിയാണ് സനീഷിന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വച്ച് അനസ്തേഷ‍്യ നൽകിയത്. ഇതിനു പിന്നാലെ അലർജിയെ തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും സനീഷ് മരണപ്പെടുകയും ആയിരുന്നു. അതേസമയം സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ തൃശൂർ ഡി എം ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

