ചാവക്കാട്: സിപിഐഎം പ്രവർത്തകനായ യുവാവിനെയും കൂട്ടുകാരനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിജെപി ആർഎസ്എസ് പ്രവർത്തകനായ പ്രതിക്ക് വിവിധ വകുപ്പുകളിലായി ആകെ 12 വർഷം 9 മാസം കഠിനതടവും 45000 രൂപ പിഴയും ശിക്ഷ.ചൂണ്ടൽ ചെമ്മന്തിട്ട പഴുന്നാനയിൽ താമസിക്കുന്ന കതണ്ടാശേരി വീട്ടിൽ പ്രേമൻ മകൻ ശരത്തിനെ(29)ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച കൂട്ടുകാരനായ അർജുനെയും മാരകായുധങ്ങളായ ഇരുമ്പ് പൈപ്പ് ഇടിക്കട്ട ഇരുമ്പ് കട്ട എന്നിവ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഒന്നാം പ്രതിയായ ചൂണ്ടൽ ചെമ്മന്തിട്ട പഴുന്നാന മുതിരപറമ്പത്ത് വീട്ടിൽ അശോകൻ മകൻ അഖിൽ എന്ന കുട്ടു(28)വിനെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ആയി ആകെ 12 വർഷം 9 മാസം കഠിനതടവിനും 45000 രൂപ പിഴയടയ്ക്കാനും,പിഴ അടച്ചില്ലെങ്കിൽ 9 മാസം കഠിന തടവിനും ശിക്ഷിച്ചത്.
മൂന്നാം പ്രതി വിഷ്ണു,ആറാം പ്രതി സനീഷ് എന്ന പക്രു എന്നിവരെ മാർച്ച് 18-ന് കോടതി 7 വർഷം 11 മാസം കഠിനതടവിനും 45000 പിഴയടക്കുന്നതിനും ശിക്ഷിച്ചിരുന്നു.ഒന്നാംപ്രതി അഖിൽ,നാലാംപ്രതി വിഷ്ണു സുരേന്ദ്രൻ,അഞ്ചാംപ്രതി ശൃഷിത് എന്നിവർ ശിക്ഷാവിധിക്കായി ഹാജരായിരുന്നില്ല.രണ്ടാം പ്രതിയായ പയ്യൂർ മാന്തോപ്പ് കൊട്ടിലിങ്ങൽ വളപ്പിൽ വീട്ടിൽ ഷാജി മകൻ ആദർശ്(29)വിചാരണ നേരിടാതെ ഒളിവിലാണ്.
2018 മെയ് 20-ആം തിയ്യതി രാത്രി 7.30 മണിക്ക് സിപിഐഎം പാർട്ടിയുടെ കൊടിതോരണങ്ങൾ നശിപ്പിച്ചതിന് പരാതി കൊടുത്തതിനുള്ള രാഷ്ട്രീയ മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.ശരത്തിന്റെയും അർജുന്റെയും നിലവിളി കേട്ട് ഓടിവന്ന നാട്ടുകാരും ബന്ധുക്കളും കൂടി ചികിത്സയ്ക്കായി ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പരിക്കുകൾ ഗുരുതരമായതിനാൽ അവിടെനിന്ന് ശരത്തിനെ ആംബുലൻസിൽ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ദിവസങ്ങളോളം ഐസിയുവിൽ കിടന്ന ശരത്തിന്റെ ജീവൻ തിരിച്ചുകിട്ടുകയായിരുന്നു.പിഴ സംഖ്യ പരിക്കുപറ്റിയ ആവലാതിക്കാരന് നൽകാൻ വിധിയിൽ പ്രത്യേക പരാമർശം ഉണ്ട്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 20 രേഖകളും തൊണ്ടിമുതലുകളും,ഹാജരാക്കുകയും 12 സാക്ഷികളെ വിസ്തരിക്കുകയും,ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.കുന്നംകുളം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയിരുന്ന എ.ജെ.വർഗീസ് മൊഴിയെടുത്ത കേസിൽ എസ്എച്ച്ഒ യു.കെ.ഷാജഹാൻ പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു ആദ്യന്വേഷണം നടത്തുകയും തുടർന്ന് കുന്നംകുളം എസ്ഐയായിരുന്ന വി.എസ്.സന്തോഷ് പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ആർ.രജിത് കുമാർ ഹാജരായി.കോർട്ട് ലൈസൻ ഓഫീസറായ എഎസ്ഐ പി.ജെ.സാജനും പ്രോസിക്യൂഷനെ സഹായിച്ചു.
