പൊലീസ് സംഘം ഡൽഹിയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രേംകുമാറിന്റെ മകൾക്ക് ഉത്തരാഖണ്ഡ് പൊലീസിന്റെത് എന്നവകാശപ്പെടുന്ന കോൾ ലഭിച്ചത്. ആധാർ കാർഡിൽ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞു എന്നായിരുന്നു മകളെ അറിയിച്ചത്. എന്നാൽ കൊലപാതകം ചെയ്ത ശേഷം രക്ഷപെടുന്നതിലുള്ള പ്രതിയുടെ വൈദഗ്ധ്യം മുൻപ് വ്യക്തമായതിനാൽ പൊലീസ് സംഘം ബോഡി തിരിച്ചറിഞ്ഞ ശേഷം മാത്രമാണ് ഔദ്യോഗിക സ്ഥിരീകരണം നടത്തുക.
ഇരിഞ്ഞാലക്കുട കാറളം സ്വദേശിനികളായ മണിയേയും മകൾ രേഖയും കൊലപ്പെടുത്തി അതിസമർത്ഥമായാണ് പ്രേംകുമാർ രക്ഷപ്പെട്ടത്. മെയ് ഒന്നിനോ രണ്ടിനോ കൊലപാതകം നടത്തി രക്ഷപ്പെട്ട പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. എന്നാൽ കൊലപാതക വിവരം പുറത്തറിയാൻ വൈകിയത് അന്വേഷണസംഘത്തിന് തിരിച്ചടിയായി. ഇതോടെ രാജ്യവ്യാപകമായി പ്രേംകുമാറിനായി പോലീസ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പ്രേം കുമാർ മരണപ്പെട്ടതായി വിവരം ലഭിക്കുന്നത്.
2019 ൽ ആദ്യ ഭാര്യയായിരുന്ന ദിവ്യയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രേംകുമാറിനെ ആറുമാസങ്ങൾക്ക് ശേഷമാണ് അന്ന് പിടികൂടിയത് . കോളേജ് കാലത്ത് ഒരുമിച്ച് പഠിച്ച സുഹൃത്തുമായി ഒന്നിച്ച് ജീവിക്കാൻ വേണ്ടിയായിരുന്നു കൊല നടത്തിയത് എന്നാണ് അന്ന് ഇയാൾ പോലീസിനും മൊഴി നൽകിയത്. ദിവ്യ കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് രേഖയുമായി ഇയാൾ അടുപ്പം സ്ഥാപിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ ഹോട്ടൽ മാനേജറായി നോക്കിയിരുന്ന പ്രേംകുമാർ അഞ്ച് മാസത്തിലധികമായി ഇരിങ്ങാലക്കുട പടിയൂരിൽ ആയിരുന്നു രേഖയുമൊത്ത് താമസം. ഇതിനിടയിൽ രേഖക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പ്രതി വീണ്ടും കൊലപാതകങ്ങൾ നടത്തിയത്. രേഖയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിൽ കാത്തിരുന്ന പ്രതി അന്ന് തന്നെ അമ്മ മണിയെയും സമാനമായ രീതിയിൽ കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയതോടെയാണ് സംഭവം കൊലപാതകം ആണെന്ന് വ്യക്തമായത്.

