മിന്നൽ ചുഴലിയിൽ ചാവക്കാട് തിരുവത്ര പുത്തൻ കടപ്പുറത്ത് വ്യാപക നാശനഷ്ടം. ഇന്ന് പുലർച്ചേ ഉണ്ടായ മിന്നൽ ചുഴലിയിൽ തിരുവത്ര പുത്തൻകടപ്പുറം ഒന്നാം വാർഡ് എച്ച്.ഐ. മദ്രസ പരിസരത്ത് വീടിന്റെ ഓട് തലയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു.
തിരുവത്ര പുത്തൻകടപ്പുറം മേപ്പുറത്ത് 40 വയസ്സുള്ള നൗഫൽ, മകൻ ഏഴു വയസ്സുള്ള സയാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചേ ഒന്നരയോടെയാണ് സംഭവം. നൗഫലിന്റെ ഭാര്യയും 8 മാസം പ്രായമുള്ള കുഞ്ഞും രക്ഷപ്പെട്ടു. ശക്തമായ കാറ്റിൽ ഓട് തകർന്ന് ഇവരുടെ ദേഹത്തേക്ക് വീണു. പരിക്കേറ്റ ഇരുവരെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പടിഞ്ഞാറെപുരക്കൽ അബ്ദുട്ടി മസ്താന്റെ വീടിന്റെ ഓട് തകർന്നു വീഴുകയും വിറകു പുര പൂർണ്ണമായി നശിച്ചു. വീടിന് സമീപത്തെ മരം വീണ് മതിൽ ഭാഗികമായി തകർന്നു. ഭീമമായ നഷ്ടമാണ് കുടുംബത്തിന് സംഭവിച്ചത്.വിവരമറിഞ്ഞ് വാർഡ് കൗൺസിലർ ഉമ്മു റഹ്മത്ത്, സി.പി.എം. ലോക്കൽ കമ്മിറ്റിയംഗങ്ങളായ ടി.എം. ഹനീഫ,എം. എ.ബഷീർ എന്നിവർ സ്ഥലത്തെത്തി. പ്രദേശത്തെ ബദറു മസ്ജിദ് പള്ളിയിലെ ഷീറ്റും കാറ്റിൽ പറന്നുപോയി.

