Magspot Blogger Template

എഎസ്ഡി ഡിവൈസ് ക്ലോഷര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി തൃശ്ശൂര്‍ ജനറല്‍ ആശുപത്രി

തൃശ്ശൂര്‍: ഹൃദ്രോഗചികിത്സയില്‍ ചരിത്ര അധ്യായം കുറിച്ച് തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം. 48 വയസ്സ് പ്രായമുള്ള സ്ത്രീക്കാണ് ജനറൽ ആശുപത്രിയില്‍ അട്രിയല്‍ സെപ്റ്റല്‍ ഡിഫെക്ട് (എ എസ് ഡി) ഡിവൈസ് ക്ലോഷര്‍ എന്ന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ജന്മനാ ഹൃദയഭാഗത്ത് ഉണ്ടാകുന്ന ദ്വാരത്തെ ഒരു ഉപകരണം വെച്ച് അടയ്ക്കുന്ന അപൂര്‍വമായിട്ടുള്ള ശസ്ത്രക്രിയയാണിത്. കീഹോള്‍ ശസ്ത്രക്രിയാ രീതിയാണ് സ്വീകരിച്ചത്. തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിൽ 2022 ഏപ്രില്‍ 20 ന് ആരംഭിച്ച കാത്‌ലാബില്‍ ഇതുവരെ 3500 ഓളം ശസ്ത്രക്രിയകൾ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ വേറിട്ടതായിരുന്നു ഈ അപൂർവ ശസ്ത്രക്രിയ. 


കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. എ. കൃഷ്ണകുമാര്‍, ഡോ. വിവേക് തോമസ് എന്നിവരാണ് ശസ്ത്രക്രിയ നയിച്ചത്. ഡോ. ആദര്‍ശ്, ഡോ. അശ്വതി, കാത്‌ലാബ് ടെക്‌നീഷ്യന്‍മാരായ ദിവ്യ, ശ്രീലക്ഷ്മി, നഴ്‌സിംഗ് ഓഫീസര്‍മാരായ ജിന്റോ, ശ്രുതി, ഷഹീദ എന്നിവരടങ്ങിയ സംഘത്തിന്റെ കഠിന പ്രയത്‌നമാണ് വിജയ പൂര്‍ത്തീകരണത്തിന് പിന്നില്‍. ഡോ. ആന്റണി പത്താടന്‍, ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പണയ്ക്കല്‍ എന്നിവർ എല്ലാ സംവിധാനങ്ങളും പിന്തുണയും വിദഗ്‌ധോപദേശങ്ങളും നൽകി. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദ്രോഗ പരിചരണത്തിന് പുതിയ ചുവടുവെക്കുന്ന ഈ വിജയം, പൊതു മേഖലാരോഗ്യ സംവിധാനത്തിന്റെ വളര്‍ച്ചക്കും സംഘബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ മേഖലയിലും അത്യാധുനിക ചികിത്സകള്‍ വിജയകരമായി നടപ്പാക്കാനാവുമെന്ന് തെളിയിക്കുന്നതാണ്. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലുള്ള വൈദ്യസങ്കേതങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ സമര്‍പ്പണവും കൊണ്ടാണ് ഇത്തരത്തിലുള്ള നേട്ടങ്ങള്‍ സാധ്യമാകുന്നതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. എ. കൃഷ്ണകുമാര്‍ പറഞ്ഞു.


സാധാരണക്കാര്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്ന വിധത്തിൽ സര്‍ക്കാര്‍ ആശുപത്രികളെ  ശക്തിപ്പെടുത്തിയതിൻ്റെ ഉദാഹരണമാണ് ഈ വിജയമെന്ന്  തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് സംഘത്തെ അഭിനന്ദിച്ചു.  


Previous Post Next Post

Protect

Protect Right Click

نموذج الاتصال