തൃശ്ശൂരിൽ മ്ലാവിറച്ചി വിൽപ്പന നടത്തി എന്നാരോപിച്ചു വനം വകുപ്പ് യുവാക്കളെ പിടികൂടിയ സംഭവത്തിൽ വഴിത്തിരിവ്. യുവാക്കളിൽ നിന്നും പിടികൂടിയത് മ്ലാവിറച്ചി അല്ലെന്നും പോത്തിറച്ചി എന്നും ശാസ്ത്രീയ പരിശോധന ഫലം.
കഴിഞ്ഞ വർഷം സെപ്റ്റംബർ 30 നാണ് തൃശ്ശൂർ ജില്ലയിലെ മൂപ്ലിയത്ത് നിന്ന് ചാലക്കുടിയിലെ ചുമട്ടുതൊഴിലാളി സുജീഷും വാഹന ബ്രോക്കർ ജോബിയും മ്ലാവിറച്ചി വിൽപ്പന നടത്തി എന്നാരോപിച്ചു വനം വകുപ്പിന്റെ പിടിയിലായത്. ജോബിയിൽ നിന്നും മ്ലാവിറച്ചി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചുമട്ടുതൊഴിലാളിയായ സുജീഷിൻ്റെ അറസ്റ്റ്. ജോബിയും ഇത് മ്ലാവിറച്ചിയാണെന്ന് മൊഴി നൽകിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. മ്ലാവിറച്ചിയെന്ന പേരിൽ ജോബി വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ഫോട്ടോകളും ഓഡിയോ മെസേജുകളും എല്ലാം തെളിവായി പരിഗണിച്ചായിരുന്നു വനം വകുപ്പ് ഇവർ രണ്ട് പേരെയും അറസ്റ്റ് ചയ്തത്. ഒന്നാം പ്രതായായ ജോബിയുടെ വീട്ടിൽ 750 ഗ്രാം ഇറച്ചിയും നിന്നും പിടിച്ചെടുത്തിരുന്നു.
വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്റ്റ് 2(36), 9, 39(1)(a), 39(1)(b), 39(3)(a), 39(3)(b), 49, 49A, 49B, 50, 51 & 57 എന്നിവയായിരുന്നു പ്രതികൾക്കെതിരെ വനംവകുപ്പ് ചുമത്തിയിരുന്ന കുറ്റങ്ങൾ. തുടർന്ന് 2024 സെപ്റ്റംബർ 30ന് പ്രതികളെ കോടതി റിമാൻഡിൽ വിടുകയായിരുന്നു. 35 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ബി കേസിൽ കേരള ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഈ കേസിൽ വനംവകുപ്പ് ശേഖരിച്ച ഇറച്ചിയുടെ സാമ്പിൾ തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ പരിശോധനക്ക് അയച്ചിരുന്നു. ഈ പരിശോധന ഫലം വന്നതിലാണ് കന്നുകാലി വിഭാഗത്തിൽപ്പെട്ട മൃഗത്തിന്റെ ഇറച്ചിയാണ് ഇതെന്ന് കണ്ടെത്തിയത്.

